
കൊല്ലത്ത് ബേക്കറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണായേക്കാവുന്ന എണ്ണ കണ്ടെത്തിയത്. പലഹാരമുണ്ടാക്കാനായാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ ഇവിടെ ഉപയോഗിച്ചിരുന്നത്.
മതിയായ രേഖകളില്ലാതെയായിരുന്നു ബേക്കറിയുടെ പ്രവർത്തനം. പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിന് രേഖകളോ, അന്യ സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്.











